പീഡനക്കേസില്‍ രഞ്ജിത്തിന് ആശ്വാസം; തുടർനടപടി സ്റ്റേ ചെയ്തു
Monday, December 9, 2024 10:06 PM IST
ബംഗളൂരു: പീഡനക്കേസില്‍ സംവിധായകന് രഞ്ജിത്തിന് ആശ്വാസം. രഞ്ജിത്ത് പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ തുടര്‍ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നല്കിയ പരാതിയിലാണ് കേസ് തീര്‍പ്പാവുന്നതുവരെ തുടര്‍നടപടി പാടില്ലെന്ന് കോടതി ഉത്തരവിട്ടത്.
അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്ട് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരുന്നത്. 2012ൽ ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങൾ പകർത്തിയെന്നുമാണ് കേസ്.
കോഴിക്കോട് കസബ പോലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തതെങ്കിലും പിന്നീട് ബംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് കർണാടക പോലീസിന് കൈമാറുകയായിരുന്നു.