അനാവശ്യ വിവാദം ആഗ്രഹിക്കുന്നില്ല; പ്രസ്താവന പിന്‍വലിച്ച് മന്ത്രി ശിവന്‍കുട്ടി
Monday, December 9, 2024 4:23 PM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി ശിവന്‍കുട്ടി. കലോത്സവ ഉദ്ഘാടനത്തിന് കുട്ടികള്‍ക്ക് നൃത്തം ചിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ നടിക്കെതിരേ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായി മന്ത്രി അറിയിച്ചു.
കലോത്സവത്തിലൂടെ വളർന്നുവന്ന പ്രമുഖ നടിയോട് നൃത്തം ചിട്ടപ്പെടുത്തുന്ന കാര്യം ചോദിച്ചപ്പോൾ അഞ്ച് ലക്ഷം രൂപ ചോദിച്ചു. തന്റെ പ്രസ് സെക്രട്ടറിയോടാണ് പണം ചോദിച്ചത്. താന്‍ മറുപടി പറഞ്ഞില്ല.
പ്രമുഖര്‍ പൊതുവെ പ്രതിഫലം വാങ്ങാതെയാണ് ഇത്തരം പരിപാടികള്‍ക്ക് വരാറുള്ളത്. കുട്ടികളുടെ പരിപാടിയെന്ന പരിഗണന എല്ലാവരും നല്‍കാറുണ്ട്. എന്നാൽ കുട്ടികളുടെ ഉത്സവം വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ല. പ്രതിഫല വിവാദത്തില്‍ ഇനി ചര്‍ച്ചയില്ലെന്നും മന്ത്രി പ്രതികരിച്ചു.
കലോത്സവത്തിന്റെ നൃത്താവിഷ്കാരം ഇതുവരെ ആരെയും ഏല്‍പ്പിച്ചിട്ടില്ല. കുട്ടികളെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇനി വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.