ഭരണ-പ്രതിപക്ഷ ബഹളം; പാർലമെന്റിന്റെ ഇരുസഭകളും ഇന്നത്തേയ്ക്ക് പിരിഞ്ഞു
Monday, December 9, 2024 3:37 PM IST
ന്യൂഡൽഹി: ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്നു പാർലമെന്റിന്റെ ഇരുസഭകളും ഇന്നത്തേയ്ക്ക് പിരിഞ്ഞു. ജോർജ് സോറോസ്, അദാനി വിഷയങ്ങളിലാണ് പാർലമെന്റ് ഇന്ന് സ്തംഭിച്ചത്.
ലോക്സഭ രാവിലെ ചേർന്നയുടൻ കാർഷിക വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. കാർഷിക വിഷയങ്ങൾക്ക് പുറമേ അദാനി ഉൾപ്പെടെ വിവിധ വിഷയങ്ങൾ പ്രതിപക്ഷം ലോക്സഭയിൽ ഉന്നയിച്ചു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നു പലതവണ ലോകസഭ നടപടികൾ നിർത്തിവച്ചു. പിന്നീട് മൂന്നിന് സഭ ചേർന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ ലോക്സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.
അതേസമയം രാജ്യസഭയിൽ ജോർജ് സോറോസ്-കോൺഗ്രസ് ബന്ധം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം രംഗത്തുവന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഈ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഡിഎ അംഗങ്ങൾ നോട്ടീസ് നൽകി. ആദാനി ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും നോട്ടീസ് നൽകി.
രാജ്യസഭ ചെയർമാൻ അടിയന്തരപ്രമേയ നോട്ടീസുകൾ തള്ളിയതോടെ ഇരുപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തി. ജെ.പി. നഡ്ഡയും കിരൺ റിജുജുവാണ് ജോർജ് സോറോസ് വിഷയം സഭയിൽ ഉന്നയിച്ചത്. ജോർജ് സോറോസ് വിഷയത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതോടെ രാജ്യസഭയും ഇന്നത്തേയ്ക്ക് പിരിഞ്ഞു.
കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ജോർജ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന സംഘടനയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. കാഷ്മീരിനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കണം എന്ന ആശയത്തെ പിന്തുണയ്ക്കുന്നവരാണ് ജോർജ് സോറോസ് ഫൗണ്ടേഷൻ. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ വിദേശ സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ ബന്ധമെന്നും ബിജെപി കുറ്റപ്പെടുത്തി.