ഡൽഹിയിൽ വീണ്ടും 40 സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി
Monday, December 9, 2024 9:40 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 40 സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇന്ന് പുലര്‍ച്ചെ ഇ- മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
സ്കൂൾ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്ഫോടനമുണ്ടായാൽ വലിയ നാശനഷ്ടമുണ്ടാകുമെന്നുമാണ് സന്ദേശങ്ങളിലുള്ളത്. ബോംബ് നിർവീര്യമാക്കാൻ 30000 ഡോളർ ആവശ്യപ്പെട്ടതായി ഡൽഹി പോലീസ് അറിയിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്‍കെ പുരത്തെ ഡല്‍ഹി പബ്ലിക് സ്കൂള്‍, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്കൂള്‍ എന്നിവയ്ക്കു നേരെയാണ് ആദ്യം ഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുള്ള സ്കൂളുകളിലെ വിദ്യാർഥികളെ അധികൃതർ തിരികെ വീട്ടിലേക്ക് പറഞ്ഞയച്ചിട്ടുണ്ട്.