സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണം; ആയുധസംഭരണ കേന്ദ്രങ്ങൾ നശിപ്പിച്ചു
Monday, December 9, 2024 7:23 AM IST
ദമാസ്കസ്: സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. വിമതസേന പിടിച്ചെടുത്ത ആയുധശേഖരം ലക്ഷ്യമാക്കിയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
ആയുധശേഖരം വിമതസേനയുടെ കൈയിൽ എത്തുന്നത് തടയുന്നതിനായിരുന്നു വ്യോമാക്രമണം. ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തു.
സുവൈദയിലെ ഖൽഖലാഹ വ്യോമതാവളത്തിലെ ആയുധശേഖരങ്ങള്‍, ദാരാ ഗവര്‍ണറേറ്റിലെ സൈനികകേന്ദ്രങ്ങള്‍, ഡമാസ്കസിലെ മെസെ വ്യോമതാവളം എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായതെന്ന് സിറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മെസ്സെ വ്യോമതാവളത്തിലും ഡമാസ്കസിലെ സയന്റിഫിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ശാഖയിലും ഇന്റലിജന്‍സ്, കസ്റ്റംസ് ആസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന തലസ്ഥാനത്തെ സെന്‍ട്രല്‍ സ്ക്വയറിലും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം, സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദും കുടുംബവും മോസ്കോയിൽ അഭയംതേടി. അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയെന്ന് റഷ്യൻ വാർത്താ ഏജൻസി ടാസ് (TASS) സ്ഥിരീകരിച്ചു.
വിമതരുമായി തങ്ങള്‍ കൂടി ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബഷാര്‍ അല്‍ അസദ് രാജ്യം വിട്ടതെന്ന് നേരത്തേ റഷ്യ അറിയിച്ചിരുന്നു. ഹയാത്ത് തഹ്രീർ അൽ-ഷാം (എച്ച്ടിഎസ്) ആരംഭിച്ച വലിയ തോതിലുള്ള ആക്രമണത്തിന്റെ ഒടുവിൽ അവർ സിറിയൻ തലസ്ഥാനം അതിവേഗം പിടിച്ചെടുക്കുകയായിരുന്നു.
അതേസമയം, എച്ച്ടിഎസിനെയും സിറിയന്‍ ജനതയെയും അഭിനന്ദിച്ച് താലിബാന് രംഗത്തെത്തി. അല്‍ ക്വയ്ദ ബന്ധമുളള എച്ച്ടിഎസ് ആണ് സിറിയയിൽ അധികാരം പിടിച്ചത്.