നവീൻ ബാബുവുമായി ഒരിക്കൽപ്പോലും സംസാരിച്ചിട്ടില്ല; അൻവറിനെതിരെ നിയമനടപടിയെന്ന് പി. ശശി
Sunday, December 8, 2024 3:45 PM IST
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവുമായി ജീവിതത്തിൽ ഒരിക്കൽപ്പോലും സംസാരിക്കാനുള്ള സാഹചര്യമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. നവീൻ ബാബുവിന്റെ മരണത്തിൽ ശശിക്ക് പങ്കുണ്ടെന്ന പി.വി. അൻവറിന്റെ ആരോപണത്തിനു പിന്നാലെയാണ് ശശിയുടെ പ്രതികരണം.
ഒരു തരത്തിലും എനിക്ക് ഒരു ബന്ധവുമില്ലാത്ത നവീന്‍ ബാബുവുമായി ബന്ധപ്പെടുത്തി എംഎല്‍എ പറഞ്ഞത് നുണകളും ദുരാരോപണങ്ങളുമാണ്. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത നുണകള്‍ പറഞ്ഞുമാത്രം നിലനില്ക്കേണ്ട ഗതികേടില്‍ അന്‍വര്‍ ചെന്നെത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ പ്രസ്താവന.
പൊതുസമൂഹത്തില്‍ അപമാനിക്കുവാന്‍ ശ്രമിച്ചതിന് അൻവറിനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനകം നടത്തിയ അപമാനകരമായ നുണപ്രചാരണങ്ങള്‍ക്കെതിരെ രണ്ട് കേസുകള്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ശശി പറഞ്ഞു.