മാധ്യമങ്ങളിൽ അഭിമുഖം നൽകി; എൻ. പ്രശാന്ത് ഐഎഎസിനെതിരെ കുറ്റാരോപണ മെമ്മോ
Sunday, December 8, 2024 2:11 PM IST
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ തമ്മിലടിയെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കൃഷി വകുപ്പ് മുൻ സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ കുറ്റാരോപണ മെമ്മോ. സസ്പെൻഷനുള്ള കാരണങ്ങളാണ് മെമ്മോയിൽ പറയുന്നത്.
അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെ വിമർശിച്ചതിനാണ് സസ്പെൻഷൻ ലഭിച്ചത്. 30 ദിവസത്തിനകം മെമ്മോയ്ക്ക് വിശദീകരണം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടാണ് ചീഫ് സെക്രട്ടറി കുറ്റാരോപണ മെമ്മോ നൽകിയത്. അഡി. ചീഫ് സെക്രട്ടറിക്കെതിരെ വിമർശനം നടത്തിയത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് മെമ്മോയിൽ പറയുന്നു.
സസ്പെൻഷന് ശേഷവും മാധ്യമങ്ങളിൽ അഭിമുഖം നൽകി. ഇതും സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും മെമ്മോയിൽ ചൂണ്ടിക്കാട്ടുന്നു. നവംബർ 11നാണ് എൻ. പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. കടുത്ത നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു.