ഇന്ത്യയ്ക്കെതിരെ ഓസീസ് വനിതകൾക്ക് ജയം
Sunday, December 8, 2024 1:49 PM IST
ബ്രിസ്ബേൻ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. 122 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോൽവി. ജോർജിയ വോളിന്റെയും എല്ലിസ് പെറിയുടെയും സെഞ്ചുറി കരുത്തിലാണ് ഓസീസ് കൂറ്റൻ ജയം സ്വന്തമാക്കിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 371 റണ്‍സെടുത്തു. ഓസീസിനായി മികച്ച തുടക്കമാണ് ഓപ്പണറുമാരായ ഫോബ് ലിച്ച്ഫീൽഡും ജോർജിയ വോളും ഒരുക്കിയത്. 130 റണ്‍സാണ് ഇരുവരും ചേർന്ന് അടിച്ചു കൂട്ടിയത്.
63 പന്തിൽ 60 റണ്‍സെടുത്ത ലിച്ച്ഫീൽഡിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. പിന്നാലെ ക്രീസിലെത്തിയ എല്ലിസ് പെറിയും തകർത്ത് അടിച്ചതോടെ ഇന്ത്യ പ്രതിരോധത്തിലായി. ജോർജിയ 87 പന്തിൽ 101 റണ്‍സെടുത്തപ്പോൾ 75 പന്തിൽ 105 റണ്‍സുമായാണ് എല്ലിൽ പെറി കളംവിട്ടത്. താലിയ മഗ്രാത്ത് പുറത്താകാതെ 20 റണ്‍സെടുത്തു.
ഇന്ത്യയ്ക്കായി സീമ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി. മിന്നു മണി രണ്ട് വിക്കറ്റും നേടി. 372 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി ഓപ്പണർ റിച്ച ഗോഷ് മികച്ച പ്രകടനം കാഴ്ചവച്ചു. 72 പന്തുകൾ നേരിട്ട ഗോഷ് 54 റണ്‍സെടുത്തു. ഇന്ത്യൻ നിരയിൽ ടോപ്പ് സ്കോററും ഗോഷാണ്.
സ്മൃതി മന്ദാന (9), ഹർലിൻ ഡിയോൾ (12), ദീപ്തി ശർമ (10) എന്നിവർ നിരാശപ്പെടുത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 38 റണ്‍സും ജെമിമ റോഡ്രിഗസ് 43 റണ്‍സും നേടി. മലയാളിയായ മിന്നു മണി പുറത്താകാതെ 46 റണ്‍സെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല. 44.5 ഓവറിൽ 249 റണ്‍സിന് ഇന്ത്യ ഓൾഔട്ടായി.
ഓസീസിനായി നാല് വിക്കറ്റെടുത്ത അന്നബെൽ സതർലൻഡാണ് ഇന്ത്യയെ തകർത്തത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരന്പര ഓസ്ട്രേലിയ 2-0ന് സ്വന്തമാക്കി.