പാലോട് നവവധുവിന്റെ ആത്മഹത്യ; ഭർത്താവിന്റെയും സുഹൃത്തിന്റെയും അറസ്റ്റ് ഉടൻ
Sunday, December 8, 2024 11:50 AM IST
തിരുവനന്തപുരം: പാലോട് നവവധുവിനെ തൂങ്ങി മരിച്ച നലിയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഭർത്താവിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്. നിലവിൽ അഭിജിത്തും സുഹൃത്ത് അജാസും പോലീസ് കസ്റ്റഡിയിലാണ്.
അഭിജിത്തിനെതിരേ ഭർതൃ പീഡന കുറ്റവും അജാസിനെതിരേ ആത്മഹത്യ പ്രേരണ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
കൂട്ടുകാരൻ അജാസും ഇന്ദുജയ മർദിച്ചിരുന്നതായാണ് യുവതിയുടെ ഭർത്താവ് അഭിജിത്തിന്റെ മൊഴി. ഇന്ദുജയും അജാസും തമ്മിലുള്ള സൗഹൃദത്തെ ചൊല്ലി അഭിജിത്തും ഇന്ദുജയും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. ഇക്കാരണത്താൽതന്നെ അജാസും അഭിജിത്തും തമ്മിലും വഴക്കുണ്ടായിരുന്നു.
ഇന്ദുജയുടെ ശരീരത്തിലെ പരിക്കുകൾ അടുത്ത കാലത്ത് ഇണ്ടായതാണ്. സംഭവത്തിൽ ഇവരുടെ കൂടുതൽ സുഹൃത്തുക്കളെ ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം.
ഇന്ദുജയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹത്തില്‍ നടന്ന പരിശോധനയിലാണ് മര്‍ദനമേറ്റ പാടുകള്‍ കണ്ടത്. മരിച്ച യുവതിയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകള്‍ കണ്ടെത്തിയത്.
പാലോട് ഇളവട്ടത്ത് വെള്ളിയാഴ്ച ആണ് സംഭവം. കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്. ഭക്ഷണം കഴിക്കാനായി അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ എത്തിയപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.