ന്യൂസിലൻഡ് വീണു; ഇംഗ്ലണ്ടിന് വന്പൻ ജയം
Sunday, December 8, 2024 11:06 AM IST
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വന്പൻ ജയം. 323 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. സ്കോർ: ഇംഗ്ലണ്ട് 280 & 427/6d, ന്യൂസിലൻഡ് 125 & 259.
മൂന്നാം ദിനം 378 റണ്‍സുമായി ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനായി ജോ റൂട്ട് സെഞ്ചുറി നേടി. 130 പന്തിൽ 106 റണ്‍സാണ് റൂട്ട് അടിച്ചു കൂട്ടിയത്. റൂട്ടിന് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ഉറച്ച പിന്തുണ നൽകി. സ്റ്റോക്സ് പുറത്താകാതെ 42 പന്തിൽ 49 റണ്‍സെടുത്തു. റൂട്ടിനെ വില്യം ഒറൂർക്കെ വീഴ്ത്തിയതോടെ 582 റണ്‍സിന്റെ കുറ്റൻ ലീഡുമായി സ്റ്റോക്സ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
583 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിനു തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടി നേരിട്ടു. 141 റണ്‍സിനിടെ ആറ് മുൻനിര വിക്കറ്റുകളാണ് ന്യൂസിലൻഡിനു നഷ്ടമായത്. ടോം ബ്ലണ്ടലിന്റെ ചെറുത്തുനിൽപ്പാണ് ന്യൂസിലൻഡിനെ വലിയ നാണക്കേടിൽനിന്നും രക്ഷിച്ചത്.
102 പന്തുകൾ നേരിട്ട ടോം ബ്ലണ്ടൽ 115 റണ്‍സെടുത്തു. ടോമിനെ കൂടാതെ നഥാൻ സ്മിത്തിനും മാത്രമാണ് ഇംഗ്ലണ്ടിനു മുന്നിൽ അൽപമെങ്കിലും പിടിച്ചു നിൽക്കാനായത്. നഥാൻ 51 പന്തിൽ 42 റണ്‍സെടുത്തു. ടോമും നഥാനും ചേർന്ന് 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തത്. ഇതാണ് ന്യൂസിലൻഡിനെ വലിയ തകർച്ചയിൽനിന്നും രക്ഷിച്ചത്.
ടോം ബ്ലണ്ടലിനും നഥാനും പുറമേ ടോം ലാതവും (24) ഡാരിൽ മിച്ചലും (32) മാത്രമാണ് രണ്ടക്കം കടന്നത്. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്സ്, ബ്രൈഡൻ കാർഡ്, ഷോയിബ് ബഷീർ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരന്പര 2-0 ഇംഗ്ലണ്ട് നേടി.