സിറിയ പിടിച്ചെടുത്തതായി വിമതർ
Sunday, December 8, 2024 10:26 AM IST
ഡമാസ്കസ്: സിറിയ പിടിച്ചെടുത്തെന്ന് ഹയാത് തഹ്രീർ അൽ ഷാം (എച്ച്ടിഎസ്) തീവ്രവാദ സംഘടന നേതൃത്വം നല്കുന്ന വിമതർ. രാജ്യത്തെ ഏകാധിപത്യം അവസാനിച്ചുവെന്നും സിറിയ സ്വതന്ത്ര രാജ്യമായെന്നും വിമതർ പ്രഖ്യാപിച്ചു.
രാജ്യത്തെ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും അഭിസംബോധന ചെയ്യുമെന്നും വിമതർ അറിയിച്ചു. അതേസമയം പ്രസിഡന്റ് ബഷാർ അൽ അസാദ് രാജ്യം വിട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പ്രസിഡന്റിന്റെ പ്രതിമകളും ജനക്കൂട്ടം തകർത്തു.
രൂക്ഷമായ പോരാട്ടത്തിനൊടുവിലാണ് സിറിയയിലെ പല കേന്ദ്രങ്ങളും വിമതരുടെ നിയന്ത്രണത്തിലായത്. വിമത മുന്നേറ്റത്തെത്തുടർന്ന് 3.7 ലക്ഷം സിറിയക്കാർ അഭയാർഥികളായെന്ന് യുഎൻ അറിയിച്ചു. 111 സിവിലിയന്മാർ അടക്കം 820 പേർ കൊല്ലപ്പെട്ടു.
2011ൽ പ്രസിഡന്റ് അസാദിനെതിരേ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട സ്ഥലമാണ് ദേര. ഈ പ്രദേശവുമായുള്ള അതിർത്തി അടച്ചതായി ജോർദാൻ അറിയിച്ചിരുന്നു. അമേരിക്കയും ബ്രിട്ടനും സിറിയയിലെ തങ്ങളുടെ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ നിർദേശിച്ചു.
സിറിയയിലുള്ള ഇറേനിയൻ സൈനിക ഉദ്യോഗസ്ഥരും സ്ഥലംവിടാൻ തുടങ്ങിയതായി റിപ്പോർട്ടുണ്ട്. വെറും ഒരാഴ്ചകൊണ്ടാണ് വിമത ഗ്രൂപ്പുകൾ വിവിധ പ്രദേശങ്ങൾ കാര്യമായ തടസമില്ലാതെ പിടിച്ചെടുത്തിരിക്കുന്നത്.