സിറിയയിൽ ഏറ്റുമുട്ടൽ രൂക്ഷം; തലസ്ഥാനം വിമത സേന വളഞ്ഞു
Sunday, December 8, 2024 4:12 AM IST
ദമാസ്കസ്: സിറിയയിൽ ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. വിമത സേന തലസ്ഥാനത്തിന് തൊട്ടരികെയെത്തിയെന്നാണ് റിപ്പോർട്ട്. അതേസമയം രാജ്യം വിട്ടെന്ന അഭ്യൂഹം തള്ളി സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദ് രംഗത്തെത്തി.
ബശ്ശാറുൽ അസദ് ഭരണകൂടത്തെ വീഴ്ത്തുകയാണ് ലക്ഷ്യമെന്ന് വിമത സായുധ സംഘമായ എച്ച്ടിഎസ് അറിയിച്ചു. സിറിയൻ വിഷയത്തിൽ അമേരിക്ക ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
വിമതരെ നേരിടാൻ സിറിയക്ക് ആയുധ സഹായം നൽകുമെന്ന് ഇറാൻ അറിയിച്ചു. രാജ്യത്തെ സുപ്രധാന മൂന്നാമത്തെ നഗരമായ ഹിംസ് പിടിച്ചടക്കാൻ സൈന്യവുമായി രൂക്ഷ ഏറ്റുമുട്ടൽ നടന്നു.
ഹിംസിന്റെ ഭരണ നിയന്ത്രണത്തിലുള്ള റസ്താൻ, തൽബീസ പട്ടണങ്ങൾ പിടിച്ചതായും നഗരത്തിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ എത്തിയതായും വിമത സായുധ വിഭാഗമായ ഹൈഅത് തഹ്രീർ അശ്ശാം തലവൻ റമി അബ്ദുർറഹ്മാൻ അറിയിച്ചു.