ഭാരത സഭയ്ക്ക് അഭിമാനമുഹൂർത്തം; മാർ ജോർജ് കൂവക്കാട്ട് കർദിനാൾ പദവിയിൽ
Saturday, December 7, 2024 9:28 PM IST
വത്തിക്കാൻ സിറ്റി: സീറോ മലബാർ സഭയ്ക്ക് അഭിമാനമായി ആർച്ച്ബിഷപ് മാർ ജോർജ് കൂവക്കാട്ട് കർദിനാളായി അഭിഷിക്തനായി. ഇന്ത്യൻ സഭാചരിത്രത്തിലാദ്യമായിട്ടാണ് വൈദികരിൽ നിന്നും ഒരാളെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്.
മാർ ജോർജ് കൂവക്കാട്ട് ഉൾപ്പടെ 21 വൈദികരാണ് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന തിരുക്കർമങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിച്ചു.
കേരളത്തിൽനിന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെടെയുള്ളവർ തിരുക്കർമങ്ങളിൽ പങ്കെടുത്തു.
സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രത്യേക പ്രതിനിധിസംഘത്തെ കേന്ദ്ര സർക്കാർ വത്തിക്കാനിലേക്ക് അയച്ചിരുന്നു. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ചടങ്ങിൽ പങ്കെടുത്തത്.
കൊടിക്കുന്നിൽ സുരേഷ് എംപി, രാജ്യസഭാംഗമായ ഡോ. സത്നാം സിംഗ് സന്ധു, ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി, യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണി, ബിജെപി ദേശീയ വക്താവ് ടോം വടക്കൻ എന്നിവരാണ് പ്രതിനിധിസംഘത്തിലുള്ള മറ്റുള്ളവർ.
തിരുക്കർമങ്ങളിൽ മാർ കൂവക്കാട്ടിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ചങ്ങനാശേരി അതിരൂപതയിൽനിന്നുള്ള വൈദികരും വിശ്വാസികളും ഉൾപ്പെടുന്ന പ്രതിനിധിസംഘവും പങ്കെടുത്തു.
ഞായറാഴ്ച വത്തിക്കാൻ സമയം രാവിലെ 9.30ന് മാതാവിന്റെ അമലോത്ഭവ തിരുനാളിന്റെ ഭാഗമായ വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പയോടൊപ്പം നവ കർദിനാൾമാരും കാർമികത്വം വഹിക്കും. സീറോമലബാർ സഭയിൽനിന്നു പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികരും സഹകാർമികരാകും.
ഞായറാഴ്ച വൈകുന്നേരം സാന്ത അനസ് താസിയ സീറോമലബാർ ബസിലിക്കയിൽ കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന്റെ കാർമികത്വത്തിൽ മലയാളത്തിൽ കൃതജ്ഞതാബലിയർപ്പണവും തുടർന്ന് സ്വീകരണ സമ്മേളനവും നടത്തും.