കേരളത്തിന്റെ ആവശ്യങ്ങൾ തുടർച്ചയായി നിഷേധിക്കുന്നു; കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി
Saturday, December 7, 2024 6:18 PM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ആവശ്യങ്ങള്‍ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നുവെന്നും അര്‍ഹതപ്പെട്ട സഹായമാണ് കേരളത്തിന് നിഷേധിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വയനാട് ദുരന്തത്തിൽ റിപ്പോർട്ട് നൽകുന്നതിൽ കേരളം വലിയ കാലതാമസം വരുത്തിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണത്തിനിടെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.
ധനകാര്യ കമീഷന് അനുവദിച്ച വിഹിതത്തിലായാലും കേന്ദ്ര ബജറ്റിലായാലും ധനമന്ത്രാലയത്തിന്റെ തീരുമാനത്തിലായാലും സംസ്ഥാന താല്പര്യത്തിന് വിരുദ്ധമായ സമീപനം ഉണ്ടാവുകയാണ്.
കേരളത്തിന്റെ നേട്ടത്തിന്റെ പേരില്‍ അര്‍ഹതപ്പെട്ട വിഹിതം നിഷേധിക്കപ്പെടുന്നു. ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പോലും സംസ്ഥാനത്തിന് പ്രത്യേക സഹായം നിഷേധിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സംസ്ഥാന സർക്കാരിനെ വിമർശിച്ചു. വയനാട് പുനരധിവാസത്തിന് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് (എസ്ഡിആർഎഫ്) എത്ര തുക ചെലവഴിക്കാനാകുമെന്നതിനെക്കുറിച്ചുള്ള കണക്കുകൾ വ്യക്തമാക്കാത്തതിലാണ് വിമർശനം.
എസ്ഡിആർഎഫിലെ നീക്കിയിരിപ്പ്, വിനിയോഗിച്ച തുക, ആവശ്യമായ തുക എന്നിവ അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. കണക്കുകൾ കൃത്യമായി നൽകിയില്ലെങ്കിൽ കേന്ദ്രം എങ്ങനെ പണം നൽകുമെന്നും കോടതി ചോദിച്ചു.
ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ ശരിയല്ല. ദുരന്തത്തിൽപെട്ടവരെ അപമാനിക്കുന്ന തരത്തിൽ നിലപാട് സ്വീകരിക്കരുതെന്നും കോടതി പറഞ്ഞു. കണക്കുകൾ വ്യാഴാഴ്ച നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.