ടീകോമിന് നഷ്ടപരിഹാരം നൽകുന്നത് നിയമക്കുരുക്ക് ഒഴിവാക്കാൻ; നിലപാട് ആവർത്തിച്ച് വ്യവസായ മന്ത്രി
Saturday, December 7, 2024 5:25 PM IST
കൊച്ചി: സ്മാർട്ട് സിറ്റി വിവാദത്തിൽ നിലപാട് ആവർത്തിച്ച് വ്യവസായ മന്ത്രി പി. രാജീവ്. ടീകോമിന് നഷ്ടപരിഹാരം നൽകുന്നത് നിയമക്കുരുക്ക് ഒഴിവാക്കാനാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുകയാണ് പ്രധാനം. സ്ഥലത്തിന് ആവശ്യം ഉന്നയിച്ച് പല സ്ഥാപനങ്ങളും സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും രാജീവ് വ്യക്താക്കി.
കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീക്കോമിന് നല്കിയ ഭൂമി തിരിച്ചു പിടിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. 246 ഏക്കര്‍ ഭൂമിയാണ് തിരിച്ചു പിടിക്കുന്നത്.
പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള ടീകോമിന്റ ആവശ്യപ്രകാരമാണ് നടപടി. സര്‍ക്കാരും ദുബായ് കമ്പനിയും പരസ്പര ധാരണയോടെ പിന്മാറ്റ നയം രൂപീകരിക്കും. ടീകോമിന് നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെ നയ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി രൂപീകരിച്ചു.
പദ്ധതി വഴി 10 വര്‍ഷം കൊണ്ട് 90,000 പേര്‍ക്ക് തൊഴിൽ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇതുവരെ തൊഴിൽ നൽകാനായത് എണ്ണായിരത്തിൽ താഴെ പേർക്ക് മാത്രമാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ചർച്ചകൾ ആരംഭിച്ച പദ്ധതിക്ക് വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് കരാർ ഒപ്പിട്ടത്.