വെടിക്കെട്ട് സെഞ്ചുറിയുമായി ഹെഡ്; ഓസ്ട്രേലിയ 337 ന് പുറത്ത്, നിർണായക ലീഡ്
Saturday, December 7, 2024 3:16 PM IST
അഡ്ലെയ്ഡ്: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് നിർണായക ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 180 റൺസ് പിന്തുടർന്ന് രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ ഓസീസ് 337 റൺസിനു പുറത്തായി. ആതിഥേയർക്ക് ഇപ്പോൾ 157 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡുണ്ട്.
വെടിക്കെട്ട് സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്റെ കരുത്തിലാണ് ഓസ്ട്രേലിയ മികച്ച സ്കോറിലെത്തിയത്. 141 പന്തിൽ 17 ഫോറുകളും നാലു സിക്സറുമുൾപ്പെടെ 140 റൺസാണ് ഹെഡ് അടിച്ചുകൂട്ടിയത്. അതേസമയം, ഹെഡിനു പുറമേ നഥാൻ മക്സ്വീനി (39), മാർനസ് ലബുഷെയ്ൻ (64) എന്നിവർക്കു മാത്രമേ ഓസീസ് നിരയിൽ കാര്യമായ സംഭാവന നല്കാനായുള്ളൂ.
ഇന്ത്യയ്ക്കു വേണ്ടി ജസ്പ്രീത് ബുംറ 61 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് 98 റൺസ് വഴങ്ങി നാലുവിക്കറ്റും വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡി, ആർ. അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് അഞ്ചു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നഥാൻ മക്സ്വീനിയുടെ വിക്കറ്റ് നഷ്ടമായി. 39 റൺസുമായി പിടിച്ചുനിന്ന മക്സ്വീനിയെ ജസ്പ്രീത് ബുംറ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ സ്റ്റീവന്‍ സ്മിത്തിനെ നിലയുറപ്പിക്കും മുമ്പേ ബുംറ മടക്കിയതോടെ മൂന്നിന് 103 എന്ന നിലയിലായി ഓസീസ്.
പിന്നാലെ ക്രീസിൽ ഒന്നിച്ച മാർനസ് ലബുഷെയ്ന് - ട്രാവിസ് ഹെഡ് സഖ്യം 65 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോർ 168 റൺസിൽ നില്‍ക്കെ, മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന ലബുഷെയ്നെ യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ച് നിതീഷ് കുമാർ റെഡ്ഡി ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു.
പിന്നാലെ മിച്ചൽ മാർഷും ഹെഡും ചേർന്ന് ഓസീസ് സ്കോർ 200 കടത്തി. എന്നാൽ സ്കോർ 208 ൽ നില്‍ക്കെ മാർഷിനെ പുറത്താക്കി ആർ. അശ്വിൻ വരവറിയിച്ചു. എന്നാൽ പിന്നീട് അലക്സ് കാരിയെ ഒരറ്റത്തു നിർത്തി ഹെഡ് ആക്രമണം തുടർന്നു. ഇരുവരും ചേർന്ന് 74 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ ഇതിൽ 58 റൺസും ഹെഡിന്റെ വകയായിരുന്നു.
എന്നാൽ സ്കോർ 282 റൺസിൽ നില്‍ക്കെ കാരിയെ (15) പന്തിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജ് തന്റെ വരവറിയിച്ചു. ഇതിനിടെ തന്റെ സെഞ്ചുറി പൂർത്തിയാക്കിയ ഹെഡ് പാറ്റ് കമ്മിൻസിനെ കൂട്ടുപിടിച്ച് സ്കോർ 300 കടത്തി. ഓസീസ് വൻ സ്കോറിലേക്കു നീങ്ങുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ ഹെഡിനെ ബൗൾഡാക്കി സിറാജ് വീണ്ടും ഇന്ത്യയുടെ രക്ഷകനായി. ഇതോടെ ഏഴിന് 310 റൺസെന്ന നിലയിലായി ഓസീസ്.
പിന്നീട് കാര്യമായ സംഭാവന നല്കാൻ ഓസീസ് വാലറ്റത്തിനായില്ല. പാറ്റ് കമ്മിൻസിനെ (12) ബുംറയും മിച്ചൽ സ്റ്റാർക്കിനെയും (18) സ്കോട്ട് ബോളണ്ടിനെയും (പൂജ്യം) മുഹമ്മദ് സിറാജും പുറത്താക്കിയതോടെ ഓസ്ട്രേലിയയുടെ പോരാട്ടം 337 റൺസിൽ അവസാനിച്ചു.