നിയന്ത്രണംവിട്ട കാർ തടാകത്തിലേക്ക് കൂപ്പുകുത്തി; അഞ്ചുപേർ മരിച്ചു, ഒരാൾക്ക് പരിക്ക്
Saturday, December 7, 2024 11:15 AM IST
ഹൈദരാബാദ്: തെലുങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. യാദാദ്രി ഭുവനഗിരിയിലെ ഭൂദാൻ പോച്ചംപള്ളി സബ് ഡിവിഷനിലെ ജലാൽപുർ പ്രദേശത്ത് ഇന്നു പുലർച്ചെയായിരുന്നു സംഭവം.
ഹൈദരാബാദിൽ നിന്ന് ഭൂദാൻ പോച്ചംപള്ളിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ആറംഗ സംഘം. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് തടാകത്തിൽ പതിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഹൈദരാബാദിലെ എൽബി നഗർ സ്വദേശികളായ വംശി (23), ദിഗ്നേഷ് (21), ഹർഷ (21), ബാലു (19), വിനയ് (21) എന്നിവരാണ് മരിച്ചത്. മണികാന്ത് (21) ആണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അടക്കമുള്ള യുവാക്കൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
മരിച്ചവരുടെ മൃതദേഹങ്ങൾ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം അവരുടെ കുടുംബങ്ങൾക്ക് വിട്ടുകൊടുക്കും. അപകടത്തിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും തെലുങ്കാന പോലീസ് പറഞ്ഞു.
പ്രദേശവാസികളും പോലീസും ചേർന്ന് തടാകത്തിൽ നിന്ന് കാർ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.