കോഴിക്കോട് കത്തിച്ചാമ്പലാകാതിരുന്നതു ഭാഗ്യം; ഓപ്പറേറ്റര്‍ക്കു സംഭവിച്ചത് ഗുരുതര പിഴവ്
Friday, December 6, 2024 10:09 PM IST
കോഴിക്കോട്: ഒരു നഗരത്തെ മുഴുവന്‍ കത്തിച്ചാമ്പലാക്കാന് കഴിയുന്നത്ര ഡീസലാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡിന്റെ (എച്ച്പിസിഎൽ) കോഴിക്കോട് എലത്തൂര്‍ ഇന്ധന സംഭരണശാലയില്‍ നിന്ന് ബുധനാഴ്ച വൈകുന്നേരവും വ്യാഴാഴ്ചയുമായി ചോര്‍ന്ന് ഓവുചാലിലൂടെ ജനവാസ കേന്ദ്രങ്ങളിലൂടെ ഒഴുകിയതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച വിവിധ വകുപ്പ് അധികൃതരുടെ നിഗമനം.
ജനവാസകേന്ദ്രങ്ങള്‍ ചാമ്പലാക്കാന്‍ കഴിയുന്ന ദുരന്തമാണ് ഭാഗ്യത്തിന് ഒഴിവായതെന്നു സ്ഥലം സന്ദര്‍ശിച്ച കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് അഭിപ്രായപ്പെട്ടു. അതിഗുരുതര വീഴ്ചയായതിനാല്‍ പിഴയ്ക്കു പുറമെ തടവു ശിക്ഷയും ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം എച്ച്പിസിഎലിനെതിരേ മലിനീകരണ നിയന്ത്രണ വകുപ്പ് കേസെടുത്തിട്ടുണ്ട്.
മണ്ണിലും ജലാശയങ്ങളിലും ഡീസല്‍ ചോര്‍ച്ച മൂലമുള്ള മലിനീകരണത്തിന്റെ തോത് കണക്കാക്കിയ ശേഷം കമ്പനിക്കെതിരേ ഫാക്ടറീസ് ആക്ട്, എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ആക്ട് എന്നിവ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തിരുമാനം.
വലിയ ടാങ്കില്‍നിന്ന് ചെറിയ ടാങ്കിലേക്ക് ഇന്ധനം മാറ്റി നിറയ്ക്കുന്നതിനിടെയാണ് ചോര്‍ച്ചയുണ്ടായത്. ഓപ്പറേറ്റര്‍ ശ്രദ്ധിക്കാത്തതാണ് ഡീസല്‍ നിറഞ്ഞുകവിഞ്ഞ് പുറത്തേക്ക് ഒഴുകാന്‍ കാരണമായതെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം.
എന്നാല്‍ മണ്ണിനടിയിലുള്ള ഡീസല്‍ ടാങ്കിന് ചോര്‍ച്ചയുള്ളതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ധനം മാറ്റി ടാങ്കില്‍ വെളളം നിറച്ച് പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടം കന്പനിയോടു നിര്‍ദേശിച്ചിട്ടുണ്ട്.
മുംബൈയില്‍ നിന്നു സ്പെഷല്‍ ഓയില്‍ ഡിസ്പെര്‍സന്റ് ലിക്വിഡ് എത്തിച്ച് ഇന്ന് മുതല്‍ മണ്ണും ജലവും ശുദ്ധീകരിക്കുന്ന നടപടി ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ദുരന്തനിവാരണം, മലിനീകരണ നിയന്ത്രണം, ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ്, ആരോഗ്യം, കോര്പറേഷൻ, റവന്യു തുടങ്ങിയ വകുപ്പുതല ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ഇവര്‍ നല്കുന്ന റിപ്പോര്‍ട്ടില്‍ എച്ച്പിസിഎലിനെതിരേ കര്‍ശന നടപടി കൈക്കൊള്ളും.