യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനു മർദനം; പ്രതികൾ ഒളിവിലെന്ന് പോലീസ്
Friday, December 6, 2024 9:52 PM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പ്രതികൾ ഒളിവിലെന്ന് പോലീസ്. എസ്എഫ്ഐ ക്കാരായ നാലു പ്രതികളും ഒളിവിലാണെന്നാണ് കന്റോൺമെന്റ് പോലീസ് പറയുന്നത്. അതേ സമയം രാഷ്ട്രീയ ഇടപെടലുകൾ കാരണം പോലീസ് പ്രതികളെ പിടികൂടാൻ മടിക്കുന്നുവെന്ന ആരോപണവും ഉയർന്നിട്ടിട്ടുണ്ട്.
യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയിൽ കൊണ്ടുപോയി എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ തന്നെ ക്രൂരമായി മർദിച്ചെന്നുകാട്ടി ഭിന്നശേഷിക്കാരനായ മുഹമ്മദ് അനസ് ആണ് പരാതി നൽകിയത്. കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ അമൽചന്ദ്, മിഥുൻ, അലൻ ജമാൽ, വിധു ഉദയ എന്നിവർക്കെതിരേയാണ് കന്റോണ്മെന്റ് പോലീസ് കേസെടുത്തത്.
സംഭവത്തിൽ കോളജിലെ അച്ചടക്ക സമിതി ഇന്ന് അനസിൽ നിന്നും മൊഴിയെടുക്കും. കോളജ് അധികൃതരിൽ നിന്നും റിപ്പോർട്ട് തേടിയെന്നും പോലീസ് പറഞ്ഞു. കോളേജിലെ അച്ചടക്ക സമിതിക്കും പ്രിൻസിപ്പലിനും അനസ് പരാതി നൽകിയിരുന്നു.
യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയിൽ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ വിദ്യാർഥികളെ വിളിച്ചുവരുത്തി വിചാരണ നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മൂന്നാംവർഷ ബിരുദ വിദ്യാർഥികളായ രണ്ടുപേരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്.