അന്വേഷണം ശരിയായ ദിശയിൽ; നവീനെ അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമം ദിവ്യ നടത്തിയെന്ന് സർക്കാർ കോടതിയിൽ
Friday, December 6, 2024 9:34 PM IST
കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. നവീനെ അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമം ദിവ്യ നടത്തിയെന്നും സർക്കാർ അറിയിച്ചു.
നവീൻ ബാബുവിന്റെ സഹപ്രവർത്തകരുടെ മുന്നിൽവച്ച് ഗുരുതരമായ അഴിമതി ആരോപണമാണ് ദിവ്യ ഉന്നയിച്ചത്. ക്ഷണിക്കാതെയാണ് ദിവ്യ യോഗത്തിലേക്ക് നുഴഞ്ഞുകയറിയത് എന്നും സർക്കാർ കോടതിയെ അറിയിച്ചു.
ദിവ്യ അതിക്ഷേപിച്ചതിലുള്ള വിഷമത്തിലാണ് നവീൻ തൂങ്ങി മരിച്ചതെന്ന് പോലീസ് അറിയിച്ചു. നവീനെ തേജോവധംചെയ്യുക എന്ന ഉദ്യേശത്തോടെയാണ് ദിവ്യ യോഗത്തിൽ എത്തിയത്. പഴുതില്ലാത്ത അന്വേഷണമാണ് നടക്കുന്നതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
നവീന്റെയും പ്രശാന്തിന്റെയും കാൾ രേഖകൾ പരിശോധിച്ചു. ഇൻക്വസ്റ്റ് സമയം ബന്ധുക്കളുടെ സാന്നിധ്യം ഇല്ലായിരുന്നുവെന്ന വാദവും പോലീസ് തള്ളി. ആത്മഹത്യാ കുറിപ്പ് ലഭിച്ചില്ലെന്ന് പോലീസ് സത്യവാഗ്മൂലത്തിൽ വ്യക്തമാക്കി.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം നിലപാട് വ്യക്തമാക്കി.