ശബരിമലയിൽ വിഐപി പരിഗണന: കോടതി വടിയെടുത്തതിനു പിന്നാലെ ദിലീപിനെതിരെ അന്വേഷണം
Friday, December 6, 2024 1:56 PM IST
കൊച്ചി: നടൻ ദിലീപിന്റെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിമർശനത്തിനു പിന്നാലെ അന്വേഷണം ആരംഭിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സന്നിധാനത്ത് ദിലീപിന് വിഐപി പരിഗണന കിട്ടിയോ എന്ന് ദേവസ്വം വിജിലൻസ് എസ്പി അന്വേഷിക്കും.
സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഹാജരാക്കാനും സിസിടിവി ദൃശ്യങ്ങളടക്കം സമർപ്പിക്കാനും ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. ശനിയാഴ്ച തന്നെ ഇവ കൈമാറുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും. നിലവിൽ സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകരുതെന്നാണ് ബോർഡിന്റെയും പോലീസിന്റെയും നിർദേശം. സോപാനത്തേതുൾപ്പടെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് നടന് ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിക്കുകയും ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്തിപ്പോകാനുള്ള അവസരം ഒരുക്കിയെന്നുമുള്ള ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. ഇക്കാര്യം പരിശോധിക്കാനൊരുങ്ങുകയാണ് കോടതി.
ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് കോടതി നിർദേശമുണ്ട്. അവിടെ എത്തുന്ന എല്ലാ ഭക്തരും സമന്മാരാണ്. എല്ലാവര്ക്കും വെര്‍ച്വല്‍ ക്യൂ വഴിയാണ് അവിടെ ദര്‍ശനം അനുവദിക്കുന്നത്. അതുകൊണ്ട് ആ രീതിക്ക് കാര്യങ്ങള്‍ നടക്കണമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.