കർഷകരുടെ "ഡൽഹി ചലോ' മാർച്ചിന് തുടക്കം
Friday, December 6, 2024 1:24 PM IST
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തേക്ക് വീണ്ടും "ഡൽഹി ചലോ' കാൽനട മാർച്ച് ആരംഭിച്ച് കർഷകർ. നൂറോളം കർഷകർ ഹരിയാനയിലെ ശംഭു അതിർത്തിയിൽനിന്നാണ് ഇന്നു രാവിലെ മാർച്ച് ആരംഭിച്ചത്.
കർഷക സംഘടനാ നേതാക്കളായ സർവാൻ സിംഗ് പന്ദർ, ജഗ്ജിത് സിംഗ് ദല്ലെവാൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച്.
മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ്, ലഖിംപൂർ ഖേരി അക്രമത്തിന്റെ ഇരകൾക്ക് നീതി എന്നിവ ഉൾപ്പെടെ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ പ്രതിഷേധം. കഴിഞ്ഞ എട്ട് മാസമായി ഞങ്ങൾ ഇവിടെ ഇരിക്കുകയാണെന്നും കാൽനടയായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചെന്നും സർവാൻ സിംഗ് പന്ദർ അറിയിച്ചു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് ഹരിയാന സർക്കാർ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുയോഗങ്ങൾക്കും ഘോഷയാത്രകൾക്കും നിയന്ത്രണമുണ്ട്.
അർധസൈനിക വിഭാഗങ്ങൾ, ഡ്രോണുകൾ, ജലപീരങ്കികൾ എന്നിവയുടെ വിന്യാസം ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.