മലയോര ഹൈവേയില്‍ നിയന്ത്രണംവിട്ട് ലോറി മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്
Friday, December 6, 2024 12:37 PM IST
അഞ്ചല്‍: ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. മലയോര ഹൈവേയില്‍ കുളത്തൂപ്പുഴ - മടത്തറ പാതയില്‍ ചോഴിയക്കോട് പോസ്റ്റ് ഓഫീസ് വളവില്‍ ഇന്നു രാവിലെ ആറേകാലോടെയായിരുന്നു അപകടം.
തമിഴ്നാട്ടില്‍ നിന്നു മെറ്റല്‍ ചിപ്സുമായി എത്തിയ ടോറസ് ലോറി വളവ് തിരിയവേ പാതയിലേക്ക് മറിയുകയായിരുന്നു. ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ ഡ്രൈവറെ പുറത്തെത്തെടുത്ത് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
അമിതവേഗമാണ് അപകടകാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അപകടസമയം രണ്ടു കാല്‍നട യാത്രികര്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായതായും നാട്ടുകാര്‍ വ്യക്തമാക്കി.
അപകടത്തിനു പിന്നാലെ ലോറിയില്‍ ഉണ്ടായിരുന്ന മെറ്റല്‍ ചിപ്സ് പാതയിലേക്ക് വീണിട്ടുണ്ട്. ഭാഗികമായി തടസപ്പെട്ട ഗതാഗതം ലോറി പാതയില്‍ നിന്നു നീക്കം ചെയ്താല്‍ മാത്രമേ പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളൂവെന്നും ഇതിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും സ്ഥലത്തെത്തിയ കുളത്തൂപ്പുഴ പോലീസ് പറഞ്ഞു.