വയനാട് ദുരന്തം: കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് ഹൈക്കോടതി
Friday, December 6, 2024 11:55 AM IST
കൊച്ചി: വയനാട് ദുരന്തത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് ഹൈക്കോടതി. ദുരിതാശ്വാസ പുനരധിവാസ ഫണ്ടിൽ വ്യക്തതയില്ലെന്ന് കോടതി വിമർശിച്ചു. കണക്കുകൾ കൃത്യമായി ബോധിപ്പിക്കാനും കോടതി നിർദേശിച്ചു.
വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി 2219 കോടി രൂപയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ എന്തു സഹായം നൽകുമെന്ന് കോടതി കേന്ദ്ര സർക്കാരിനോട് പലതവണ ചോദിച്ചിരുന്നു.
കേരളത്തിന്റെ ദുരന്തനിവാരണ നിധിയിൽ പണമുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നെങ്കിലും ഇതിൽ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ഈ ഘട്ടത്തിലാണ് സംസ്ഥാന-കേന്ദ്ര സർക്കാരുകളെ ജസ്റ്റീസ് ജയശങ്കര്‍ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിമർശിച്ചത്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫിനാൻസ് ഓഫീസർ ശനിയാഴ്ച കോടതിയിലെത്തി കണക്കുകൾ ബോധിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിനു മുൻപ് ദുരിതാശ്വാസ നിധിയിൽ എത്ര തുക ഉണ്ടായിരുന്നുവെന്നും അതിൽ വിനിയോഗിക്കാൻ പാകത്തിൽ എത്ര തുക ഉണ്ടായിരുന്നുവെന്നും കോടതിയെ അറിയിക്കണം.
കേന്ദ്രം അനുവദിച്ചതിൽ എത്ര തുക വിനിയോഗിക്കാനായി. വയനാട്ടിൽ പുനരധിവാസത്തിന് എത്ര തുക വേണമെന്നും കേന്ദ്രം എത്ര ധനസഹായം നൽകണം തുടങ്ങിയ കാര്യങ്ങൾ ശനിയാഴ്ച അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതിനുശേഷം തുടർനിർദേശങ്ങൾ നൽകാമെന്നും കോടതി വ്യക്തമാക്കി.