എഡിഎമ്മിന്റെ മരണം: സിബിഐയോട് അന്വേഷണത്തിനു തയാറാണോയെന്ന് ഹൈക്കോടതി, കേസ് കൈമാറില്ലെന്ന് സർക്കാർ
Friday, December 6, 2024 11:11 AM IST
കൊച്ചി: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം ഏറ്റെടുക്കാൻ തയാറാണോയെന്ന് സിബിഐയോട് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നവീന്റെ ഭാര്യ നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണത്തിന് തയാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അതു ബലപ്പെടുത്തുന്ന ഒട്ടേറെ വസ്തുതകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു ഭാര്യ കോടതിയെ സമീപിച്ചത്.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാനുള്ള കാരണമെന്താണെന്നും ഹർജിക്കാരിയോട് ജസ്റ്റീസ് കൗസർ ഇടപ്പഗത്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. അന്വേഷണം തെറ്റായ ദിശയിലാണ് പോകുന്നതെന്ന് തെളിയിക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചു.
കേസ് സിബിഐക്ക് കൈമാറാൻ തയാറാണോയെന്ന് സംസ്ഥാന സർക്കാരിനോടും കോടതി ചോദിച്ചു. അന്വേഷണം കൈമാറാൻ തയാറല്ലെന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം നൽകാമെന്നും സർക്കാർ അറിയിച്ചു.
ഹർജിയിൽ വിശദമായ വാദം കേൾക്കാമെന്ന് പറഞ്ഞ ഹൈക്കോടതി കേസ് ഡിസംബർ 12ലേക്ക് മാറ്റി.
സിപിഎം ജില്ലാ കമ്മിറ്റിയംഗമായ പ്രതിക്ക് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ പോലീസില്‍നിന്ന് നിഷ്പക്ഷമായ അന്വേഷണവും തുടര്‍ നടപടികളും പ്രതീക്ഷിക്കുന്നില്ലെന്നും നവീന്റെ ഭാര്യ ആരോപിച്ചിരുന്നു. സാക്ഷിയായ പ്രശാന്തന്റെ പേരും ഒപ്പും മാറിയിട്ടും നടപടിയുണ്ടാകാത്തത് സ്വാധീനത്തിന്റെ ഭാഗമാണെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചിരുന്നു.
കണ്ണൂര്‍ എഡിഎമ്മായിരുന്ന പത്തനംതിട്ട സ്വദേശി കെ. നവീന്‍ ബാബുവിനെ ഒക്ടോബര്‍ 15നാണ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
സ്വന്തം നാട്ടിലേക്കു സ്ഥലംമാറ്റമായതിനെത്തുടര്ന്ന് തലേന്നു നടന്ന യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ നവീനെ അഴിമതിക്കാരനായി ചിത്രീകരിച്ച് സംസാരിച്ചിരുന്നു.
ഇതില്‍ മനംനൊന്തു ജീവനൊടുക്കിയെന്നാണ് പോലീസ് കേസ്. പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ ഏക പ്രതി പി.പി. ദിവ്യ ഇപ്പോള്‍ ജാമ്യത്തിലാണ്.