സുരേഷ് ഗോപിയുടെ അഭിനയത്തിന് ആക്ഷൻ പറഞ്ഞ് കേന്ദ്രം
Friday, December 6, 2024 10:28 AM IST
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും അഭിനയരംഗത്തേയ്ക്ക്. സിനിമയിൽ അഭിനയിക്കാൻ സുരേഷ് ഗോപിക്ക് ബിജെപി ഉന്നത നേതൃത്വം തത്വത്തിൽ അനുമതി നൽകി. ഔദ്യോഗിക അനുമതി ഉടൻ നൽകും.
ആദ്യ ഷെഡ്യൂളിൽ എട്ട് ദിവസമാണ് അദ്ദേഹത്തിനു അനുവദിച്ചിരിക്കുന്നത്. ഏറ്റെടുത്തിട്ടുള്ള പല പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടു പേകാനുള്ള വരുമാനത്തിനായി അഭിനയം ഒഴിവാക്കാൻ സാധിക്കില്ലെന്ന നിലാപാടിലായിരുന്നു സുരേഷ് ഗോപി. എന്നാൽ കേന്ദ്രം ഇതിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.
ഒറ്റക്കൊമ്പൻ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തിനു ആവശ്യമായ വിധത്തിൽ അദ്ദേഹം താടി വളർത്തിയിരുന്നു. അനുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ കഴിഞ്ഞ മാസം സുരേഷ് ഗോപി താടി ഉപേക്ഷിക്കുകയും ചെയ്തു. കഥാപാത്രമാകാൻ വീണ്ടും അദ്ദേഹം താടി വളർത്തി തുടങ്ങി.
ഷൂട്ടിംഗ് ഈ മാസം 29 മുതലാണ് ആരംഭിക്കുന്നത്. തിരുവനന്തപുരത്താണ് ചിത്രീകരണം. ജനുവരി അഞ്ച് വരെയാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്.