പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽനിന്നു ടോൾ പിരിക്കാനുള്ള തീരുമാനം മാറ്റിവച്ചു
Thursday, December 5, 2024 11:29 PM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽനിന്നും സ്കൂൾ വാഹനങ്ങളിൽനിന്നും ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കം പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ചു. വ്യാഴാഴ്ച രാവിലെ മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്നായിരുന്നു കരാർ കമ്പനിയുടെ പ്രഖ്യാപനം.
ഇതേ തുടർന്ന് രാവിലെ ഏഴരയോടെ തന്നെ സിപിഎം, കോൺഗ്രസ്, കേരള കോൺഗ്രസ്, ബിജെപി, സിപിഐ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും ജനകീയ സംഘടനകളുടെയും നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ പ്രതിഷേധവുമായി ടോൾ പ്ലാസക്കു മുന്നിൽ എത്തിയിരുന്നു. വലിയ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായി. മുൻ എംഎൽഎ സി. കെ. രാജേന്ദ്രൻ, ടി.കണ്ണൻ, ടി.എം. ശശി, പാളയം പ്രദീപ്, ഡോ.അർസലൻ നിസാം, ബോബൻ ജോർജ്, ജോസ് മാസ്റ്റർ, തോമാസ് ജോൺ കാരുവള്ളിൽ, സണ്ണി നടയത്ത്, സി. കെ. അച്യുതൻ തുടങ്ങിയവർ കരാർ കമ്പനി മാനേജർ മുകുന്ദനുമായി നടത്തിയ ചർച്ചയിൽ ടോൾ പിരിത്താനുള്ള തീരുമാനം തൽകാലത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്ന.
കമ്പനി നേരത്തെ നൽകിയ ഉറപ്പുകൾ ലംഘിച്ചാണ് ടോൾ പിരിക്കാൻ നീക്കമുണ്ടായതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. എംഎൽഎമാർ, കളക്ടർ എന്നിവരെ ഉൾപ്പെടുത്തി ഈ മാസം തന്നെ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനും തീരുമാനിച്ചു.