വഴി തടഞ്ഞ് സിപിഎം സമ്മേളനം; പോലീസ് കേസെടുത്തു
Thursday, December 5, 2024 11:14 PM IST
തിരുവനന്തപുരം: സിപിഎം പാളയം ഏരിയ സമ്മേളനത്തിന് വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. വഞ്ചിയൂർ പോലീസാണ് കേസെടുത്തത്. പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
അതേസമയം, അനുമതി വാങ്ങിയാണ് സ്റ്റേജ് കെട്ടിയതെന്ന് പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു പറഞ്ഞു. അനുമതി വാങ്ങാതെയാണ് വേദി ഒരുക്കിയത് എന്നത് തെറ്റായ വാർത്തയാണ്. വാഹനങ്ങള്‍ക്ക് പോകാന്‍ സ്ഥലമുണ്ടായിരുന്നു. സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മാണം നടക്കുന്നതിനാലാണ് ബ്ലോക്കുണ്ടായതെന്നും വഞ്ചിയൂര്‍ ബാബു പ്രതികരിച്ചു.
എന്നാൽ, സമ്മേളന പരിപാടികള്‍ നടത്താന്‍ മാത്രമാണ് സിപിഎം അനുമതി വാങ്ങിയതെന്ന് പോലീസ് വിശദീകരിച്ചു. നടുറോഡില്‍ സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. വഴി തടഞ്ഞ് വേദി കെട്ടിയതില്‍ കേസെടുക്കുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു.