ഇന്ത്യ പാക്കിസ്ഥാനിലേക്കില്ല, മത്സരം ഹൈബ്രിഡ് മോഡലില്‍; നിര്‍ണായക തീരുമാനവുമായി ഐസിസി
Thursday, December 5, 2024 11:00 PM IST
ന്യൂഡൽഹി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്താന്‍ ധാരണയായി. പാക്കിസ്ഥാനില്‍ മത്സിരക്കാനില്ലെന്ന ഇന്ത്യൻ നിലപാട് അംഗീകരിച്ചാണ് ഐസിസി ബോര്‍ഡ് യോഗത്തിന്റെ തീരുമാനം.
ഐസിസി ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത ബിസിസിഐ സെക്രട്ടറിയായ ജയ് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഹൈബ്രിഡ് മോഡലില്‍ ചാമ്പ്യൻസ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചത്.
എന്നാല്‍ ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കില്ലെങ്കില്‍ പാക്കിസ്ഥാനും ഇന്ത്യയില്‍ കളിക്കില്ലെന്ന് നിലപാടെടുത്തതോടെ 2027വരെയുള്ള ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യ-പാക് മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്താനും യോഗത്തില്‍ ധാരണായായി.
അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏഷ്യാ കപ്പ്, 2026ൽ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി വേദിയാവുന്ന ട്വന്റി20 ലോകകപ്പ്, വനിതാ ലോകകപ്പ് മത്സരങ്ങള്‍ കളിക്കാനായി പാക്കിസ്ഥാന് ടീമും ഇന്ത്യയിലെത്തില്ല.
പകരം പാക്കിസ്ഥാന്റെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നിഷ്പക്ഷ വേദിയില്‍ നടത്തും. 2027 വരെ ഐസിസി ടൂര്‍ണമെന്റിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ടൂര്‍ണമെന്റുകളിലും ഇന്ത്യ-പാക് മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ മാത്രമാകും നടത്തുക.
അടുത്ത വര്‍ഷം ഫെബ്രുവരി 19നാണ് ചാമ്പ്യൻസ് ട്രോഫി തുടങ്ങുന്നത്. ഐസിസി റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനത്തുള്ള ടീമുകളാണ് ചാമ്പ്യൻസ് ട്രോഫിയില്‍ മാറ്റുരക്കുക. ഇന്ത്യയുടെയൊഴികെയുള്ള എല്ലാ മത്സരങ്ങളും പാക്കിസ്ഥാനില്‍ തന്നെ നടക്കും. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവയാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള വേദികള്‍.