എലത്തൂരിലെ ഇന്ധന ചോര്‍ച്ചയുടെ വ്യാപ്തി ചെറുതല്ല; ജലാശയങ്ങള്‍ മലിനമായിട്ടുണ്ടെന്ന് കളക്ടർ
Thursday, December 5, 2024 3:47 PM IST
കോഴിക്കോട്: എലത്തൂരിലെ ഇന്ധന ചോര്‍ച്ച ഗുരുതര പ്രശ്നമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. ഡീസല്‍ ചോര്‍ച്ചയുടെ വ്യാപ്തി ചെറുതല്ലെന്നും ജലാശയങ്ങള്‍ മലിനമായിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
എച്ച്പിസിഎല്ലിലെ മെക്കാനിക്കല്‍, ഇലക്ട്രോണിക് സംവിധാനങ്ങള്‍ പരാജയപ്പെട്ടു. മലിനമായ പുഴകളും മറ്റും ശുചീകരിക്കാന്‍ അതിവേഗ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
മലിനമായ മണ്ണും വെള്ളവും ശുചീകരിക്കണം. മുംബൈയില്‍നിന്ന് കെമിക്കല്‍ കൊണ്ടുവന്ന് ശുചീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഡിപ്പോയ്ക്ക് സമീപമുള്ള ഓടയിലൂടെ ബുധനാഴ്ചയാണ് ഡീസൽ ഒഴുകിയെത്തിയത്. പ്രദേശവാസികൾ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതോടെ പ്രശ്നം പരിഹരിച്ചെന്ന് എച്ച്പിസിഎല്‍ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ന് രാവിലെ വീണ്ടും ഇന്ധന ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു.
തുടർന്ന് ഇന്ധന ചോർച്ച ഉണ്ടായ സ്ഥലത്ത് ദുരന്ത നിവാരണ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കോര്‍പറേഷനിലെ ആരോഗ്യ വിഭാഗം എന്നിവര്‍ ചേര്‍ന്ന് സംയുക്ത പരിശോധന നടത്തിയിരുന്നു.