കാസർഗോട്ടെ അബ്ദുൾ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനി അടക്കമുള്ളവർ അറസ്റ്റിൽ
Thursday, December 5, 2024 11:55 AM IST
കാസർഗോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്റെ മരണം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്. സംഭവത്തിൽ മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി.
കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ(ഷമീമ), ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്.
സ്വര്‍ണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ഗഫൂറിന്റെ വീട്ടില്‍ വച്ച് മന്ത്രവാദം നടത്തി ഇവർ സ്വര്‍ണം തട്ടിയെടുത്തിരുന്നു. 596 പവന് സ്വര്‍ണമാണ് സംഘം തട്ടിയെടുത്തത്. ഈ സ്വർണം തിരിച്ച് നൽകേണ്ടി വരുമെന്ന് കരുതിയായിരുന്നു കൊലപാതകം.
2023 ഏപ്രില്‍ 14 നാണ് അബ്ദുൾ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന് കരുതി മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് വീട്ടിൽ നിന്ന് സ്വർണം നഷ്ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്.
ഇതോടെ അബ്ദുൽ ഗഫൂറിന്റെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് തെളിഞ്ഞു. ബേക്കൽ പോലീസ് ആദ്യമന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.