സ്മാർട്ട് സിറ്റിയെന്ന ആശയത്തിൽ നിന്ന് പിൻവാങ്ങുന്നില്ലെന്ന് മന്ത്രി പി. രാജീവ്
Thursday, December 5, 2024 11:31 AM IST
തിരുവനന്തപുരം: സ്മാർട്ട് സിറ്റി എന്ന ആശയത്തിൽ നിന്നും സർക്കാർ പിൻവാങ്ങുന്നില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. സ്ഥലം പൂർണമായും സർക്കാർ മേൽ നോട്ടത്തിൽ ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ടീകോം കരാർ പിൻമാറാൻ നേരത്തെ തന്നെ കത്ത് നൽകിയിരുന്നതായും മന്ത്രി പറഞ്ഞു. ഒരു കമ്മിറ്റി രൂപീകരിച്ച് അവർക്ക് നൽകേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് തീരുമാനിക്കും. കൊച്ചിയിൽ ഭൂമിയുടെ ആവശ്യകതയുണ്ട്. 100 കമ്പനികൾ ഭൂമിക്കായി കാത്തു നിൽക്കുകയാണ്. അവർക്ക് ഗുണകരമായി ഉപയോഗിക്കാൻ വേണ്ടി കൂടിയാണ് പിന്മാറിയത്.
ടീ കോം യുഎഇക്ക് പുറത്ത് കാര്യമായ പദ്ധതികളൊന്നും നടത്തുന്നില്ല. പദ്ധതിയിൽ കാര്യമായി പ്രവർത്തനങ്ങളൊന്നും ചെയ്തിട്ടില്ലെന്നും രണ്ടുകൂട്ടരുടെയും താല്പര്യ പ്രകാരമാണ് ഭൂമി തിരിച്ചുപിടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.