ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം മുഖ്യമന്ത്രി വിശദീകരിക്കണം: സതീശൻ
Thursday, December 5, 2024 11:04 AM IST
തിരുവനന്തപുരം: സ്മാര്‍ട് സിറ്റി പദ്ധതിയില്‍നിന്ന് ദുബായി ടീകോം കമ്പനിയെ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പദ്ധതിക്ക് പാട്ടത്തിന് നല്കിയ 246 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ച് സ്വന്തക്കാര്‍ക്ക് നല്‍കാനാണ് നീക്കമെന്ന് സതീശന് ആരോപിച്ചു.
പദ്ധതിയില്‍നിന്ന് പിന്മാറാനുള്ള കാരണം സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം മുഖ്യമന്ത്രി വിശദീകരിക്കണം. ആരുടെ ഭാഗത്തുനിന്നാണ് വീഴ്ച ഉണ്ടായതെന്ന് വ്യക്തമാക്കണം.
ടീകോമിനാണ് വീഴ്ച ഉണ്ടായതെങ്കില്‍ അവരില്‍നിന്ന് പിഴ ഈടാക്കേണ്ടതല്ലേയെന്നും സതീശന് ചോദിച്ചു. ഒരു പ്രവര്‍ത്തനവും നടത്താത്ത ടീകോമിന് നഷ്ടപരിഹാരം കൊടുക്കുന്നത് എന്തിനാണെന്നും സതീശൻ ചോദ്യം ഉന്നയിച്ചു.
90000 പേര്‍ക്ക് ജോലി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ഒരു സംരഭമാണ് അട്ടിമറിക്കപ്പെട്ടത്. ടീകോമിന് നഷ്ടപരിഹാരം കൊടുക്കുമെന്ന് പറഞ്ഞാല്‍ അതിനര്‍ഥം സര്‍ക്കാരിന് വീഴ്ച ഉണ്ടായെന്നാണ്.
2016ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തിന്റെ അവസാന നാളുകളില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടതാണ്. പിന്നീട് ഒരു പ്രവര്‍ത്തനവും ഉണ്ടായില്ലെന്നും സതീശൻ വിമർശിച്ചു.