അവിശ്വാസത്തിൽ തട്ടി ഫ്രഞ്ച് സർക്കാർ വീണു
Thursday, December 5, 2024 10:46 AM IST
പാരീസ്: അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വീണു. പ്രധാനമന്ത്രി മിഷേൽ ബാർണിയെയ്ക്കെതിരേ പ്രതിപക്ഷം നല്കിയ അവിശ്വാസപ്രമേയം പാസായി. ബജറ്റിനെച്ചൊല്ലിയുള്ള തർക്കമാണ് ഫ്രഞ്ച് സർക്കാരിനെ വീഴിച്ചത്.
ഇടത് എന്‍എഫ്പി മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ 331 എംപിമാരാണ് പിന്തുണച്ചത്. 288 വോട്ടുകളാണ് സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ വേണ്ടിയിരുന്നത്. ബജറ്റിന്റെ ഭാഗമായുള്ള സാമൂഹ്യസുരക്ഷാ പരിഷ്കരണ ബിൽ പ്രത്യേക അധികാരങ്ങളുപയോഗിച്ചു പാസാക്കുമെന്നു ബാർണിയെ തിങ്കളാഴ്ച പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ബില്ലിനു പാർലമെന്റിൽ പിന്തുണ ലഭിച്ചിരുന്നില്ല.
ബജറ്റിൽ ചർച്ചയ്ക്കു തയാറാണെന്നു ബാർണിയെ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. 60 വർഷത്തിനിടെ ആദ്യമായിട്ടാണ് ഫ്രഞ്ച് സർക്കാർ അവിശ്വാസത്തിൽ നിലംപതിക്കുന്നത്. ഇതോടെ ഏറ്റവും കുറഞ്ഞകാലം പ്രധാനമന്ത്രിയായതിന്റെ റിക്കാർഡ് ബാർണിയെയ്ക്കായി.
ബാർണിയെയോടു കാവൽ പ്രധാനമന്ത്രിയായി തുടരാൻ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആവശ്യപ്പെടുമെന്നാണു സൂചന. ജൂൺ, ജൂലൈ മാസങ്ങളിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമാണ് മുന്നിലെത്തിയതെങ്കിലും സ്ഥിരതയുള്ള ഭരണം ലക്ഷ്യമിട്ടാണ് വലതുപക്ഷക്കാരനായ ബാർണിയെയെ പ്രധാനമന്ത്രിയാക്കാൻ പ്രസിഡന്റ് മക്രോൺ തീരുമാനിച്ചത്.