ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കം അഴിമതി: ചെന്നിത്തല
Thursday, December 5, 2024 10:33 AM IST
തിരുവനന്തപുരം: സ്മാര്‍ട് സിറ്റി പദ്ധതിയില്‍നിന്ന് ദുബായ് ടീകോം കമ്പനിയെ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കം അഴിമതിയാണെന്ന് ചെന്നിത്തല ആരോപിച്ചു.
ടീകോം വാഗ്ദാനലംഘനം നടത്തിയ കമ്പനിയാണ്. അവരിൽനിന്ന് നഷ്ടപരിഹാരം വാങ്ങുന്നതിന് പകരം പണം അങ്ങോട്ട് നല്‍കുകയാണ്. ടീകോം എംഡി ബാജു ജോര്‍ജിനെയും നഷ്ടപരിഹാരം നല്‍കാനുള്ള കമ്മിറ്റിയില്‍ സർക്കാർ ഉള്‍പ്പെടുത്തിയെന്നും ചെന്നിത്തല പറഞ്ഞു.
246 ഏക്കര്‍ സ്ഥലം വെറുതേയിട്ട് കമ്പനി കരാര്‍ ലംഘനം നടത്തി. ജോലി വാഗ്ദാനം ചെയ്ത് 10 വര്‍ഷം യുവാക്കളെ വഞ്ചിച്ചു. ടീകോം കമ്പനിക്ക് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പദ്ധതിക്ക് പാട്ടത്തിന് നല്കിയ 246 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ച ശേഷം ആര്‍ക്കാണ് കൈമാറുന്നതെന്ന് അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.