പ്രോബ 3 വിക്ഷേപണം മാറ്റി ഐഎസ്ആർഒ
Wednesday, December 4, 2024 4:01 PM IST
തിരുവനന്തപുരം: യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ഇഎസ്എ) പ്രോബ 3 ഉപഗ്രഹ വിക്ഷേപണം മാറ്റി. സാങ്കേതിക തകരാറിനെ തുടർന്നാണ് ഐഎസ്ആർഒ ഉപഗ്രഹ വിക്ഷേപണം മാറ്റിയത്. പിഎസ്എൽവി-സി 59 റോക്കറ്റ് ഉപയോഗിച്ച് പ്രോബ 3 ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കാനായിരുന്നു പദ്ധതി.
ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. ഇന്ന് വൈകുന്നേരം 4.08നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. വിക്ഷേപണത്തിന് 44 മിനിറ്റ് ബാക്കിയുള്ളപ്പോൾ കൗണ്ട്ഡൗണ്‍ നിർത്തുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം 4.12ന് ഉപഗ്രഹം വിക്ഷേപിക്കുമെന്നാണ് ഐഎസ്ആർഒ വൃത്തങ്ങൾ അറിയിക്കുന്നത്. ഇഎസ്എ നിര്‍മിച്ച കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നീ ഒരു ജോഡി പേടകങ്ങളെ ഐഎസ്ആര്‍ഒ ഒരൊറ്റ വിക്ഷേപണ വാഹനത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണ് പ്രോബ-3.
ബഹിരാകാശത്തു കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യനെ ആഴത്തിൽ പഠിക്കാൻ ലക്ഷ്യമിട്ടാണ് പ്രോബ 3 വിക്ഷേപണം നടത്തുന്നത്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ഏറ്റെടുത്തു നടത്തുന്ന വാണിജ്യ വിക്ഷേപണമാണിത്.
ഭൂമിയിൽനിന്ന് അകലെ 60,530 കിലോമീറ്ററും അരികിൽ 600 കിലോമീറ്ററും ദൈർഘ്യമുള്ള ദീർഘ ഭ്രമണപഥത്തിൽ പരസ്പരം 150 മീറ്റർ അകലം പാലിച്ചാണ് പ്രോബ 3 ഇരട്ട ഉപഗ്രഹങ്ങൾ സഞ്ചരിക്കുക.
ഒറ്റത്തവണ തുടർച്ചയായി ആറ് മണിക്കൂർ സൂര്യന്റെ അന്തരീക്ഷപാളിയായ കൊറോണയെ നിരീക്ഷിക്കാൻ കഴിയുംവിധമാണ് ഇതിന്റെ യാത്രാപഥം നിശ്ചയിച്ചിരിക്കുന്നത്.