"എന്റെ അവകാശം നിഷേധിക്കപ്പെട്ടു': ഭരണഘടനയുടെ മാതൃക ഉയർത്തി രാഹുൽ, പോരാട്ടം തുടരുമെന്ന് പ്രിയങ്ക
Wednesday, December 4, 2024 2:33 PM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംബാലിൽ സംഘർഷമുണ്ടായ ചന്ദൗസി സന്ദർശിക്കാനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം പോലീസ് നടപടിക്കു പിന്നാലെ ഡൽഹിയിലേക്ക് മടങ്ങി.
ഡൽഹി–യുപി അതിർത്തിയായ ഗാസിപുരിൽ രാഹുലിനെയും പ്രിയങ്കയെയും കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പോലീസ് തടയുകയായിരുന്നു. ഒന്നര മണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് ഒടുവിൽ നേതാക്കൾ മടങ്ങുകയായിരുന്നു.
പ്രതിഷേധങ്ങൾക്കിടെ ഗാസിപുരിൽ രാഹുൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തിക്കാട്ടിയായിരുന്നു കാറിന് മുകളില്‍ കയറിയിരുന്ന് രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
സംബാലിലേക്ക് പോകുകയെന്നത് പ്രതിപക്ഷ നേതാവ് എന്നനിലയിൽ തന്റെ ഭരണഘടനാപരമായ അവകാശമായിരുന്നെന്നും അത് നിഷേധിക്കപ്പെട്ടെന്നും രാഹുൽ പറഞ്ഞു. പോലീസ് യാത്ര തടയുകയാണ്. പോലീസിനൊപ്പം പോകാൻ സമ്മതം അറിയിച്ചെങ്കിലും അതിനുള്ള അവസരവും നിഷേധിച്ചെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
കുറച്ച് ദിവസം കഴിഞ്ഞു വന്നാല്‍ വിടാമെന്നാണ് പോലീസ് പറയുന്നത്. ഞങ്ങള്‍ക്ക് സംബാലില്‍ പോകേണ്ടതുണ്ടായിരുന്നു. അവിടെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്നറിയണം. അവിടുത്തെ ജനങ്ങളെ കാണണം. എന്നാൽ, എന്റെ ഭരണഘടനാ അവകാശം എനിക്ക് അനുവദിച്ച് തന്നില്ല. ഇതാണ് പുതിയ ഇന്ത്യയെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും പോരാട്ടം തുടരുമെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. സംബാലില്‍ സംഭവിച്ചത് എന്തായിരുന്നാലും അത് തെറ്റായിരുന്നു. അവിടെയുള്ള ജനങ്ങളെ കാണേണ്ടത് ഒരു പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ഗാന്ധിയുടെ അവകാശമായിരുന്നു. അതാണ് ലംഘിക്കപ്പെട്ടതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
രാവിലെ ഒമ്പതരയോടെയാണ് ഡൽഹിയിൽ നിന്ന് രാഹുൽ ഗാന്ധിയും സംഘവും സംബാലിലേക്ക് പുറപ്പെട്ടത്. രാവിലെ 11ഓടെ അതിർത്തിയിൽ എത്തിയെങ്കിലും പോലീസ് ഇവരെ തടയുകയായിരുന്നു.
ബാരിക്കേഡ് മറിച്ചിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ ശ്രമിച്ചതോടെ പോലീസുമായി ഉന്തുംതള്ളുമുണ്ടായി. പിന്നാലെ ഡൽഹി-മീററ്റ് റോഡ് ഭാഗികമായി അടച്ചതോടെ എക്സ്പ്രസ് വേയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
പോലീസ് അനുമതി കാത്ത് ഏറെനേരം രാഹുൽ വാഹനത്തിലിരുന്നു. അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതിരുന്നതോടെ ഒന്നരമണിക്കൂറിനു ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്തശേഷം രാഹുൽ മടങ്ങുകയായിരുന്നു.