മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ആന എഴുന്നള്ളത്ത്; ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്
Tuesday, December 3, 2024 5:14 PM IST
കൊച്ചി: മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ആന എഴുന്നള്ളത്ത് നടത്തിയ സംഭവത്തിൽ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രഭരണ സമിതിക്കെതിരെ കേസെടുത്തു. ഹൈക്കോടതി മാര്‍ഗനിര്‍ദേശപ്രകാരമുള്ള അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തത്.
ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും പാലിച്ചില്ല. ആനകളുടെ സമീപത്ത് തീവെട്ടിയുണ്ടായിരുന്നു. ഇക്കാര്യത്തിലും അഞ്ച് മീറ്റർ അകലം പാലിച്ചില്ലെന്നുമാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. എന്നാൽ കോടതിയെ ധിക്കരിച്ചതല്ലെന്നും മഴകാരണം നടത്തിയ ക്രമീകരണമായിരുന്നുവെന്നും ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. രണ്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ പരിധി വേണമെന്നും ആന എഴുന്നള്ളിത്ത് ക്ഷേത്ര ആചാരത്തിന്റെ ഭാഗമല്ലെന്നും ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.