മുൻ എംഎൽഎയുടെ മകന്റെ ആശ്രിത നിയമനം; ഹൈക്കോടതി വിധിക്കെതിരായ സർക്കാർ ഹർജി തള്ളി സുപ്രീംകോടതി
Monday, December 2, 2024 3:02 PM IST
ന്യൂഡൽഹി: സിപിഎം നേതാവും ചെങ്ങന്നൂർ മുൻ എംഎൽഎയുമായ കെ.കെ. രാമചന്ദ്രൻ നായരുടെ മകന് ആര്. പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാകുമെന്നും കോടതി ചോദിച്ചു. പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ട്രിച്ചായിരുന്നു നിയമനം.
ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്.
പ്രശാന്ത് വാങ്ങിയ ശമ്പളം തിരിച്ചു പിടിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. 2018 ലെ മന്ത്രിസഭാ തീരുമാന പ്രകാരമായിരുന്നു പ്രശാന്തിന് ജോലി നൽകിയത്. പൊതു മരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറായിട്ടായിരുന്നു നിയമനം.
സർക്കാർ ജീവനക്കാരനല്ലാത്തതിനാൽ എംഎൽഎ മരിച്ചാൽ മക്കൾക്ക് ആശ്രിത നിയമനം നൽകാനാവില്ലെന്നും രാമചന്ദ്രൻ നായരുടെ മകൻ പ്രശാന്തിന് ഇത്തരത്തിൽ നിയമനം നൽകിയത് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് പാലക്കാട് സ്വദേശി അശോക് കുമാറാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്.
2018 ഏപ്രിൽ ആറിലെ സർക്കാർ ഉത്തരവും ഏപ്രിൽ പത്തിലെ നിയമന ഉത്തരവും ഹൈക്കോടതി റദ്ദാക്കിയിരുന്നു.