സംബാൽ വെടിവയ്പ്: ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ
Friday, November 29, 2024 5:25 AM IST
ന്യൂഡൽഹി: സംബാലിൽ പോലീസ് വെടിവയ്പിൽ നാലുപേർ മരിക്കാനിടയായതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെക്കുറിച്ചും അന്വേഷിക്കാൻ ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഉത്തർപ്രദേശ് സർക്കാർ. മൂന്നംഗങ്ങളാണ് ജുഡീഷൽ കമ്മീഷനിലുള്ളത്.
വിരമിച്ച ഹൈകോടതി ജഡ്ജി ദേവേന്ദ്ര കുമാർ അരോറയുടെ നേതൃത്വത്തിലുള്ള കമ്മീഷനിൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അമിത് മോഹൻ പ്രസാദും മുൻ ഐപിഎസുകാരനായ അരവിന്ദ് കുമാർ ജയ്നുമാണുള്ളത്.
രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷന് നിർദേശമുണ്ട്. വ്യാഴാഴ്ചയാണ് കമ്മീഷനെ നിയമിക്കുന്ന വിവരം സംസ്ഥാന ആഭ്യന്തരവകുപ്പ് അറിയിച്ചത്. ഞായറാഴ്ചയാണ് സംബാലിൽ സംഘർഷമുണ്ടായത്.