പ്ലസ്ടു വിദ്യാർഥിനിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
Thursday, November 28, 2024 9:18 PM IST
പത്തനംതിട്ട: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. പെൺകുട്ടിയെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കത്തിൽ പറയുന്നു. ടീച്ചറായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തെക്കുറിച്ചും കത്തില്‍ സൂചനയുണ്ട്. കത്തിൽ തീയതി രേഖപ്പെടുത്തിയിട്ടില്ല.
അണുബാധയെ തുടർന്ന് ചികിത്സ തേടിയ പെൺകുട്ടി കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. വിദ്യാർഥിനി ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ പോക്സോ കേസ് എടുത്താണ് പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുന്നത്.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.