ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
Thursday, November 28, 2024 6:00 PM IST
കൊച്ചി: ആന എഴുന്നള്ളിപ്പില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ആനയില്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുന്നത് എങ്ങനെയാണെന്നും ഏതു മതാചാരത്തിന്റെ ഭാഗമാണെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. ആന എഴുന്നള്ളിപ്പ് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ല.
ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും ഹൈക്കോടതി വ്യക്തമാക്കി. മാനദണ്ഡത്തില്‍ ഇളവ് തേടി തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്ര ഭാരവാഹികളുടെ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
15 ആനകളെ എഴുന്നള്ളിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ക്ഷേത്ര ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചത്. എഴുന്നള്ളിപ്പിന് ആനകൾ തമ്മിൽ കുറഞ്ഞത് മൂന്നുമീറ്റർ അകലം വേണമെന്നാണ് നിർദേശം.
തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രത്തിലെ ഏഴുന്നള്ളിപ്പിനുള്ള സ്ഥലം കണക്കാക്കിയാൽ ആനകളെ തമ്മിൽ ചേർത്ത് നിർത്തേണ്ടിവരും. ഇത് എങ്ങനെ അനുവദിക്കാനാകുമെന്ന് കോടതി ചോദിച്ചു.
അനിവാര്യമായ ആചാരങ്ങളില്‍ മാത്രമേ ഇളവുണ്ടാകൂ. ആനകളെ ഉപയോഗിക്കരുത് എന്നല്ല പറയുന്നതെന്നും മാനദണ്ഡം പാലിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.