എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടണം: മകളുടെ ഹര്‍ജിയിൽ ചൊവ്വാഴ്ച വിശദമായ വാദം
Thursday, November 28, 2024 1:15 PM IST
കൊച്ചി: സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം പഠനത്തിനായി വിട്ടുനല്‍കാന്‍ അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ മകള്‍ ആശ ലോറന്‍സ് ഡിവിഷന് ബെഞ്ചില്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി മൃതദേഹം പളളിയിൽ സംസ്കരിക്കാനായി വിട്ടു നല്‍കണമെന്നാണ് മകളുടെ ആവശ്യം. ഇന്നു ഹർജി പരിഗണിച്ച ഹൈക്കോടതി ചൊവ്വാഴ്ച വിശദമായി കേൾക്കാമെന്ന് അറിയിക്കുകയായിരുന്നു. ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ ഫോർമാലിനിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിലാണ് മകന് എം.എല്‍. സജീവനോട് മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കണമെന്ന് ലോറന്‍സ് പറഞ്ഞത് എന്നതടക്കം കണക്കിലെടുത്തായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി മൃതദേഹം പളളിയില്‍ സംസ്കരിക്കാനായി വിട്ടു നല്‍കണമെന്നാണ് അപ്പീലില്‍ ആവശ്യപ്പെടുന്നത്.
മൃതദേഹം നിലവില്‍ എറണാകുളം മെഡിക്കല്‍ കോളജിന് കൈമാറിയിരിക്കുകയാണ്. സെപ്റ്റംബർ 21 നാണ് വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് എം.എം ലോറൻസ് അന്തരിച്ചത്.