നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി
Thursday, November 28, 2024 12:32 PM IST
ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ജില്ലാതലത്തിലുള്ള അന്വേഷണം ബുധനാഴ്ച ആരംഭിച്ചു. സ്കാനിംഗ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തുന്നതാണ്. അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ നേരത്തെ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസെടുത്തിരുന്നത്.
ആലപ്പുഴ സൗത്ത് പോലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.