ആത്മകഥാ വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് മടക്കി ഡിജിപി; വീണ്ടും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം
Wednesday, November 27, 2024 10:49 PM IST
തിരുവനന്തപുരം: ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് മടക്കി ഡിജിപി. റിപ്പോർട്ട് അവ്യക്തമെന്ന് ചൂണ്ടിക്കാട്ടിയാണ് മടക്കിയത്.
വീണ്ടും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോട്ടയം എസ്പിക്ക് നിർദേശം നൽകി. കേസ് എടുക്കാനുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. ജയരാജനും രവി ഡിസിയും പോലീസിൽ നൽകിയ മൊഴിയിൽ അവ്യക്തതയുണ്ട്.
ആത്മകഥ ചോർന്നത് ഡിസിയിൽനിന്നെന്നും റിപ്പോർട്ടിൽ ഉണ്ട്. എന്നാൽ എന്തിനാണ് ഇത് ചോർത്തിയതെന്ന് വ്യക്തതയില്ല.
ആത്മകഥ വിവാദമായതോടെ ഡിസി ബുക്ക്സിനെതിരേ ഇ.പി. ജയരാജൻ പരാതി നൽകിയിരുന്നു. പിന്നാലെ പോലീസ് ഇ.പി. യുടെയും രവി ഡിസിയുടെയും മൊഴിയെടുത്തിരുന്നു. സംഭവത്തിനു പിന്നാലെ പബ്ലിക്കേഷൻ വിഭാഗം മേധാവിയെ ഡിസി പുറത്താക്കിയിരുന്നു.