ലോഡ്ജിൽ യുവതി മരിച്ച സംഭവം; ആൺസുഹൃത്ത് സംസ്ഥാനം വിട്ടതായി സൂചന
Wednesday, November 27, 2024 10:06 PM IST
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടെയു ണ്ടായിരുന്ന ആൺസുഹൃത്ത് സംസ്ഥാനം വിട്ടതായി സൂചന. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. തിരുവില്വാമല സ്വദേശി സനൂഫ് ആണ് യുവതിയോടൊപ്പം ലോഡ്ജിൽ എത്തി മുറിയെടുത്തത്. ഇയാൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
അതേസമയം, സനൂഫ് ഉപയോഗിച്ച കാര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്കൂളിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നലെ രാത്രി കണ്ടെത്തി. വണ്ടിയുടെ നമ്പര്‍ കണ്ടാണ് തിരിച്ചറിഞ്ഞത്.
മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല (35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. ഫസീല മരിച്ചതോടെ മുങ്ങിയതാവാമെന്നാണ് കരുതുന്നത്. സനൂഫ് ലോഡ്ജില്‍ കൊടുത്ത ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി. ഇയാള്‍ വന്ന കാറും മറ്റൊരാളുടേതാണെന്ന് പോലീസ് പറഞ്ഞു. മുറിക്കകത്ത് ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നുമില്ല. രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല.
വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്. സനൂഫിന്റെ പേരില്‍ ഫസീല ഒറ്റപ്പാലത്ത് നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. വീണ്ടും അയാളുമായി സൗഹൃദത്തിലാവുകയായിരുന്നു. സനൂഫ് ലോഡ്ജില്‍ നല്കിയ മേല്‍വിലാസത്തിലല്ല അയാള്‍ താമസിച്ചിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.