വിസി നിയമനം നിയമവിരുദ്ധം; സർക്കാർ നിയമ നടപടിയുമായി മുന്നോട്ട്: മന്ത്രി ആർ. ബിന്ദു
Wednesday, November 27, 2024 9:53 PM IST
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനം നിയമവിരുദ്ധമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ചാൻസിലറുടെ പ്രീതി അനുസരിച്ച് നിയമനം നടത്തിയെന്ന് മന്ത്രി വിമർശിച്ചു.
ഹൈക്കോടതി വിധിക്ക് വിരുദ്ധമായാണ് ഗവർണറുടെ നടപടി. സർക്കാർ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ ആണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലർമാരെ നിയമിച്ചത്. ഡോ. സിസാ തോമസിനെ ഡിജിറ്റൽ സർവകലാശാലയുടെ താത്കാലിക വൈസ് ചാൻസലറായും ഡോ. കെ. ശിവപ്രസാദിനെ സാങ്കേതിക സർവകലാശാലയുടെ താത്കാലിക വൈസ് ചാൻസലറുമായാണ് നിയമിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസമായി ഡിജിറ്റൽ സർവകലാശാലയുടെയും സാങ്കേതിക സർവകലാശലയുടെയും വൈസ് ചാൻസലർ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്നു ഡോ. സജി ഗോപിനാഥ് വിരമിച്ചതോടെയാണ് ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് വിസിമാർ ഇല്ലാതായത്. സാങ്കേതിക സർവകലാശാലയുടെ അധികച്ചുമതലയാണ് സജി ഗോപിനാഥ് വഹിച്ചിരുന്നത്.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലേക്ക് മൂന്ന് പേർ ഉൾപ്പെടുന്ന പാനലുകൾ സർക്കാർ ഗവർണർക്ക് സമർപ്പിച്ചിരുന്നു. ഈ പാനൽ തള്ളികൊണ്ടാണ് ഗവർണർ താത്കാലിക വിസിമാരെ നിയമിച്ചത്.
നേരത്തെ സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ.സിസാ തോമസിനെതിരായ സര്‍ക്കാർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. അനുമതിയില്ലാതെ വൈസ് ചാന്‍സലറുടെ ചുമതല ഏറ്റെടുത്തെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ നടപടി. പിന്നീട് സിസാ തോമസിനെതിരായ സർക്കാർ അച്ചടക്കനടപടി ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കിയിരുന്നു.
വിരമിച്ചശേഷം പെൻഷനും ആനുകൂല്യങ്ങളും ചോദിച്ചപ്പോൾ അച്ചടക്കനടപടി തുടങ്ങിയതിനാൽ ഇപ്പോൾ നൽകാനാകില്ലെന്ന് സർക്കാർ അറിയിച്ചു. തുടർന്ന് സിസാ തോമസ് ഹൈക്കോടതിയെ സമീപിച്ചു. ഗവർണറുടെ ഉത്തരവനുസരിക്കുന്നത് അച്ചടക്കലംഘനമില്ലെന്നും സർക്കാരും ഗവർണറും തമ്മിലുള്ള പോരിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും കോടതി വിധിച്ചു. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി ഫയലിൽ സ്വീകരിക്കാതെ തള്ളിയിരുന്നു.
സുപ്രീംകോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും സിസാ തോമസിന് പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും ഇനിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഗവർണറുടെ പുതിയ നിയമനം.