നവീന്‍ ബാബുവിന്റെ മരണം: സിപിഎം വീണ്ടും വെട്ടിൽ
Wednesday, November 27, 2024 9:49 PM IST
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന മലയാലപ്പുഴ സ്വദേശി നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയത് സിപിഎമ്മിനെ വെട്ടിലാക്കി. സംഭവത്തില്‍ തുടക്കം മുതല്‍ കുടുംബത്തോടൊപ്പം നില്‍ക്കുകയായിരുന്ന സിപിഎം പത്തനംതിട്ട ഘടകം സിബിഐ അന്വേഷണ ആവശ്യം കുടുംബകാര്യമെന്ന നിലയിലാണ് വിലയിരുത്തിയത്.
കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ ജാമ്യത്തിലിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ കണ്ണൂരിലെ പാര്‍ട്ടി നേതാക്കള്‍ എത്തിയതും സിപിഎം അഭിഭാഷകന് ദിവ്യയ്ക്കു വേണ്ടി കേസ് വാദിക്കുന്നതും പത്തനംതിട്ട ഘടകത്തെ പ്രതിരോധത്തിലാക്കിയിരുന്നു.
ദിവ്യ പാര്‍ട്ടി കേഡറാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പ്രഖ്യാപിച്ചതോടെ കുടുംബത്തിനു വേണ്ടിയുള്ള പരസ്യ പ്രതികരണങ്ങളില്‍നിന്ന് പത്തനംതിട്ട ജില്ലാ നേതൃത്വം പിന്മാറി. നവീന്‍ ബാബുവിന്റെ മരണശേഷം എല്ലാ ദിവസവും അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്ന സിപിഎം ജില്ലാ നേതാക്കള്‍ ഇപ്പോള്‍ അകലം പാലിക്കുകയാണ്.
കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കുടുംബത്തിന്റെ തീരുമാനമാണെന്നും പാര്‍ട്ടിക്ക് ഒന്നും പറയാനില്ലെന്നുമാണു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ചൊവ്വാഴ്ച പ്രതികരിച്ചത്. കുടുംബത്തിന് നീതി കിട്ടണമെന്നാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ സിബിഐ അന്വേഷണ ആവശ്യത്തെ പിന്തുണച്ച് ജില്ലാ കമ്മറ്റിയംഗവും സിഐടിയു സംസ്ഥാന സമിതിയംഗവുമായ മലയാലപ്പുഴ മോഹനന് രംഗത്തുവന്നു. സംഭവത്തില്‍ ദിവ്യയ്ക്കും കണ്ണൂര്‍ കളക്ടര്‍ക്കുമെതിരേ ആദ്യം രംഗത്തുവന്നയാളാണ് മോഹനന്. പ്രത്യേക അന്വേഷണസംഘം കേസിൽ കാട്ടിയ താത്പര്യക്കുറവാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കാരണമായതെന്ന് മോഹനന് പറഞ്ഞു.
പോലീസ് അന്വേഷണം തൃപ്തികരമല്ലാത്തതുകൊണ്ടാണ് സിബിഐ അന്വേഷണത്തിന് ഹര്‍ജി നല്‍കിയതെന്ന് നവീന്റെ സഹോദരന് പ്രവീണ്‍ ബാബു പ്രതികരിച്ചു. നവീന്റെ മരണം കൊലപാതകമാണെന്ന സംശയമുണ്ട്. അതാണെങ്കിലും അല്ലെങ്കിലും തെളിയിക്കപ്പെടണം -പ്രവീണ്‍ ബാബു പറഞ്ഞു.