പണമില്ലാത്തതിനാൽ ഒരു കുട്ടിയെപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്: വി. ശിവൻകുട്ടി
Wednesday, November 27, 2024 8:35 PM IST
തിരുവനന്തപുരം: പണമില്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയേപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
സ്കൂൾ പഠനയാത്രകൾ വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നതായും മന്ത്രി വ്യക്തമാക്കി.
ജീവനക്കാരുടേയും വിദ്യാർഥികളുടേയും ജന്മദിനം പോലുള്ള വ്യക്തിഗത ആഘോഷങ്ങൾക്ക് സമ്മാനങ്ങൾ നൽകാൻ കുട്ടികൾ നിർബന്ധിതരാകുന്നു. സമ്മാനങ്ങൾ കൊണ്ടുവരാത്ത കുട്ടികളെ വേർതിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കുന്നതിന് സ്കൂൾ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി.