വഖഫ് ബില്ല് ശീതകാല സമ്മേളനത്തിൽ ഇല്ല; തീരുമാനം പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ
Wednesday, November 27, 2024 7:54 PM IST
ന്യൂഡൽഹി: വഖഫ് ബില്ല് പരിഗണിക്കുന്നത് നീട്ടിവയ്ക്കാൻ സമ്മതിച്ച് ബിജെപി. സംയുക്ത പാര്‍ലമെന്ററി യോഗത്തില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് ബില്ല് പരിഗണിക്കുന്നത് നീട്ടിവച്ചത്.
ഇതോടെ ശീതകാല സമ്മേളനം ചൂടുപിടിപ്പിക്കും എന്ന് കരുതിയ ബില്ല് ഇത്തവണ ഉണ്ടാകുകയില്ലെന്ന് ഉറപ്പായി. ബില്ല് ചർച്ചചെയ്യുന്ന ജെപിസിയുടെ കാലാവധി ബജറ്റ് സമ്മേളനംവരെ നീട്ടും.
വഖഫ് നിയമഭേദഗതിയിലെ റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്കാന് ചേര്‍ന്ന യോഗത്തിൽ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഡൽഹി, പഞ്ചാബ്, ജമ്മുകാഷ്മീർ, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സര്‍ക്കാരും വഖഫ് ബോര്‍ഡുകളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഗണിക്കാതെ എങ്ങനെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കുമെന്ന് നേതാക്കള്‍ ചോദിച്ചു.
പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ നിലപാട് ചില ബിജെപി എംപിമാരും ശരിവച്ചതോടെയാണ് സമിതിയുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്.